തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് മൂക്കിലെ ദശമാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്.
സംഭവം ഇങ്ങനെ…..
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദിന്റെ മകന് മുഹമ്മദ് ഡാനിഷിനെ(ഏഴ്)യാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകന് ധനുഷിനാണ് (ആറ്) ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും ഓപ്പറേഷന് തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. ഇഎന്‍ടി ഡോക്ടര്‍മാര്‍ ഡാനിഷിനെ ശസ്ത്രക്രിയ നടത്താന്‍ തിരക്കിയപ്പോഴാണ് ആളുമാറിയ വിവരം അറിഞ്ഞത്.
അബദ്ധം മനസ്സിലാക്കിയതോടെ പത്തരയോടെ തിയേറ്ററിനു പുറത്തേക്ക് കുട്ടിയെ എത്തിച്ചു. അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ വയറ്റില്‍ എന്തിനാണ് ശസ്ത്രക്രിയ നടത്തിയതെന്നു ഡോക്ടറോട് തിരക്കിയതായി മജീദ് പറയുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്.
യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.
Discussion about this post