തൃശ്ശൂര്‍: കുട്ടികളുടെ പരീക്ഷാ ഫലം വന്നതിനു പിന്നാലെ ഉടലെടുത്ത വിവാദ ചൂടില്‍ മറുപടിയെന്നോണം ചര്‍ച്ചയായി കവി റഫീക്ക് അഹമ്മദിന്റെ തോറ്റകുട്ടി എന്ന കവിത. നിരവധി തവണ പരാജയങ്ങളെ നേരിടേണ്ടി വന്ന എന്നെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു കവിതയുമില്ലെന്ന് പറഞ്ഞ് അനൂപ് ശിവശങ്കരന് എന്ന ആളാണ് തോറ്റകുട്ടി എന്ന കവിത പങ്കുവെച്ചത്. തോറ്റുപോയവരെ വഴക്ക് പറഞ്ഞ് അകറ്റി നിര്‍ത്തി, ഉന്നത വിജയം നേടിയവരെ ചേര്‍ത്തു നിര്‍ത്തുന്ന രീതി മാറി, പകരം തോറ്റുപോയി എന്ന് കരുതുന്നവരെ വേണം ചേര്‍ത്തു നിര്‍ത്താന്‍ എന്ന ആശയമാണ് ഈ കവിത നല്‍കുന്നത്.
ഈ പരീക്ഷകളിലെ തോല്‍വി അല്ല, ജീവിത വിജയം നിശ്ചയിക്കുന്നതെന്നും ഈ കവിത പറഞ്ഞുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് എസ്എസ്എല്‍സി, പ്ലസ് ടു ഫലം വന്നത്. നിരവധി കുട്ടികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസും മറ്റും നേടി ഉന്നത വിജയം സ്വന്തമാക്കിയത്. എന്നാല്‍ ഇതിനിടെ ചെറിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. മറ്റൊന്നുമല്ല മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ ഒന്നടങ്കം പുകഴ്ത്തിയും സ്നേഹാപകാരങ്ങളും വാരിക്കോരി നല്കി പുകഴ്ത്തും. എന്നാല്‍ ഒന്നോ രണ്ടോ വിഷയത്തിന് ജയിക്കാനാകാതെ തോറ്റക്കുട്ടി എന്ന പേര് സ്വയം സ്വീകരിച്ച് ഒറ്റപ്പെട്ട് പോകും. അവര്‍ അവസാനം എത്തിപ്പെടുന്നത് ആത്മഹത്യ എന്ന ആശയത്തിലും. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
തോറ്റുപോയതില്‍ മനംനൊന്ത് നിരവധി കുട്ടികളാണ് ജീവനൊടുക്കിയത്. അതിനെല്ലാം ഒരു പരിധി വരെ മറ്റു കുട്ടികളുടെ വിജയാഘോഷം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരം വിജയാഘോഷങ്ങള്‍ക്കെതിരെ കളക്ടര്‍ ബ്രോയും രംഗത്തെത്തിയിരുന്നു. ഓവറാക്കി ചളമാക്കരുതെന്നായിരുന്നു കളക്ടര്‍ നല്കിയ സന്ദേശം. ഇതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയയും ഇതേ ആശയവുമായി രംഗത്തെത്തിയത്. സ്വന്തം അനുജത്തിക്ക് പത്താം ക്ലാസില്‍ പത്ത് വിഷയത്തിനും എ പ്ലസ് കിട്ടിയത് വീട്ടുകാര്‍ ആഘോഷമാക്കി.
എന്നാല്‍ പ്ലസ് ടു ഫലം വന്നപ്പോള്‍ മറ്റ് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ ചേച്ചിക്ക് ഒരു വിഷയത്തില്‍ മാത്രം തോറ്റു പോയി. എന്നാല്‍ സ്വന്തം അനുജത്തിക്ക് നല്കിയ സ്വീകരണവും സ്നേഹവും കണ്ട് തനിക്ക് അതിന് സാധിച്ചില്ലല്ലോ എന്ന മനോവിഷമത്തില്‍ ആ കുട്ടി ജീവനൊടുക്കി. ഇതാണ് ഇന്ന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത്. അതുപോലെ തന്നെ എ പ്ലസ് വാങ്ങാത്തതിന്റെ പേരില്‍ പിതാവ് മകനെ മര്‍ദ്ദിച്ചതും വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തോറ്റകുട്ടി എന്ന കവിത വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. റഫീക്ക് അഹമ്മദ് രചിച്ച തോറ്റകുട്ടി ഡോ. അനൂപ് ശിവശങ്കരനാണ് ആലപിച്ചിരിക്കുന്നത്.
Discussion about this post