തിരുവനന്തപുരം: പ്രശസ്ത നിയമപണ്ഡിതനും രാജ്യത്തെ നിയമവിദ്യാഭ്യാസത്തിന്റെ പിതാവുമായ ഡോ. എന്‍ആര്‍ മാധവമേനോന് (84) അന്തരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ അനന്തപുരി ആശുപത്രിയില്‍ വെച്ച് ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തില്‍. ബംഗളൂരുവിലെ നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായ മാധവമേനോന് കൊല്‍ക്കത്തയിലെ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിയമരംഗത്തിനു നല്കിയ സംഭാവനകളെ മാനിച്ചു 2003- ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
തിരുവനന്തപുരം ലോ കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എല്‍എല്‍എമ്മും തുടര്‍ന്നു പിഎച്ച്ഡിയും കരസ്ഥമാക്കിയായിരുന്നു പഠനകാലം പൂര്‍ത്തിയാക്കിയത്. പിന്നീട് ഡല്‍ഹി യൂണിവേഴ്സിറ്റിയിലും തുടര്‍ന്നു പോണ്ടിച്ചേരി ലോ കോളജിലും അധ്യാപകനായി. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാമൂഹ്യസേവനരംഗത്തും സജീവമായിരുന്നു.
മരണസമയത്ത് ഭാര്യ രമാദേവിയും മകന് രമേശും സമീപത്തുണ്ടായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ മാധവത്ത് വിലാസം തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനാണ്.
Discussion about this post