കോഴിക്കോട്: മുഖം മറയ്ക്കുന്ന വസ്ത്രം വിലക്കിയ എംഇഎസ് സര്‍ക്കുലറിനെ പിന്തുണച്ച് കേരള നദ്വത്തുല് മുജാഹിദ്ദീന്‍. മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കണം എന്ന് ഇസ്ലാം പറയുന്നില്ലെന്നും മുഖം മറയ്ക്കുന്നതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ പ്രസിഡണ്ട് ടിപി അബ്ദുള്ള കോയ മദനി പറഞ്ഞു. ഹജ്ജ് കര്‍മ്മം നടത്തുമ്പോള്‍ പോലും സ്ത്രീകള്‍ മുഖം മറയ്ക്കരുത് എന്നാണ് ഇസ്ലാമിക നിയമമെന്നും ടിപി അബ്ദൂള്ള കോയ മദനി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ എംഇഎസ് കോളേജ് പുറത്തിറക്കിയത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കോളേജുകളിലെ ആഭ്യന്തര വിഷയങ്ങളില്‍ മാനേജ്മെന്റുകള്‍ക്ക് തീരുമാനമെടുക്കാം എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.
പിന്നാലെ ബുര്‍ഖ നിരോധിച്ച എംഇഎസ് നിലപാടിനെതിരെ ഇകെ സുന്നി വിഭാഗം രംഗത്തെത്തി. ബുര്‍ഖ ഇസ്ലാം മതത്തിന്റെ തുടക്കം മുതലുള്ള വസ്ത്ര ധാരണ രീതിയാണെന്നും, ബുര്‍ഖ നിരോധിച്ച എംഇഎസ് നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും ഇകെ സുന്നി വിഭാഗം വ്യക്തമാക്കി. മതവിഷയങ്ങളില്‍ എംഇഎസ് ഇടപെടെണ്ടതില്ലെന്നും സമസ്ത കൂട്ടിച്ചേര്‍ത്തു. മുസ്ലീം വിഭാഗത്തിന്റെ വ്യക്തിത്വം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് എംഇഎസിന്റെതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് കുറ്റപ്പെടുത്തി.
മുഖം മറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചുതന്നെ ക്യാമ്പസിലെത്തുമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
Discussion about this post