കോട്ടയം: സ്ഫോടനത്തില്‍ നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും നടന്നില്ല. നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനായിരുന്നു പദ്ധതി. രാവിലെ 11 മണിക്കായിരുന്നു ആദ്യ ശ്രമം. സാങ്കേതിക തകരാറിനെ തുടര്‍ന്നു ആദ്യനീക്കം പരാജയപ്പെട്ടു. അഞ്ചു മണിയോടെ രണ്ടാംശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.
ഇതിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. സ്ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനായി പാലം മുഴുവന്‍ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരിക്കുകയാണ്. ജനങ്ങള്‍ക്കു സ്ഫോടനം കാണാന്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്നു സൗകര്യമൊരുക്കിയിരുന്നു. വലിയ ജനക്കൂട്ടമാണ് ഈ പാലം തകര്‍ക്കുന്നതു കാണാനെത്തിയിരുന്നത്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിശമനസേന, നഗരസഭ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പാലം തകര്‍ക്കാനുള്ള ശ്രമം.
വലിയ കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ടു പൊളിക്കുന്ന നിയന്ത്രിത സ്ഫോടന സാങ്കേതിക വിദ്യയിലൂടെയാണ് പാലം പൊളിക്കാന്‍ പദ്ധതിയിട്ടത്. ഈ നിയന്ത്രിത സ്ഫോടനം കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നത്. കരാര്‍ ഏറ്റെടുത്തത് തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. നാഗമ്പടത്തു നടപ്പാക്കുന്നത് വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ‘ഇംപ്ലോസീവ്’ മാര്‍ഗമാണ്.
Discussion about this post