കൊച്ചി: കൊച്ചിക്കു വേണ്ടി പുതിയ ട്രോള്‍ ചലഞ്ച് മുന്പോട്ട് വെച്ച് രംഗത്ത് വന്നിരിക്കുകയാണ് എറണാകുളം ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിക്ക് വേണ്ടി ഒരു ട്രോള്‍ മീ ചലഞ്ച് എന്ന പേരിലാണ് പുതിയ സാധ്യതകള്‍ കണ്ണന്താനം തേടുന്നത്. കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി അത് കമന്റ് ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചലഞ്ച് പങ്കുവെച്ചിരിക്കുന്നത്.
തന്നെയും കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും എല്ലാം കൊച്ചിക്ക് വേണ്ടിയല്ലേയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. നേരത്തെ, നിരാശ തീര്‍ക്കാന്‍ ഒരു വഴിയുമില്ലാത്തവരാണ് ബിജെപി നേതാക്കള്‍ക്കെതിരെ ട്രോളുമായി വരുന്നതെന്നുള്ള വിമര്‍ശനം അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയിരുന്നു. ചര്‍ച്ചകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട കണ്ണന്താനം ട്രോളൊന്നും കാണാറില്ലെന്നും ഇവ തന്നെ ഏശാറില്ലെന്നും വ്യക്തമാക്കിയിരുന്നു.
നല്ല ട്രോളുകള്‍ക്കും ട്രോളന്മാര്ക്കും ഒരു വാഗ്ദാനം കൂടി മുന്പോട്ട് വെച്ചിട്ടുണ്ട്. നല്ല ട്രോളന് കണ്ണന്താനത്തിന്റെ ഒപ്പം നിന്ന് സെല്‍ഫി എടുക്കാം, ആ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയും ചെയ്യാമെന്ന് പറയുന്നുണ്ട്. മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ നല്കാന് നിലവില്‍ സാധ്യമല്ലെന്നും എടുത്ത് പറയുന്നുണ്ട്.
Discussion about this post