കൊച്ചി: ഇന്നലെ വൈകുന്നേരത്തോടെ വിടവാങ്ങിയ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മകന് ജോസ് കെ മാണിയും ഭാര്യ കുട്ടിയമ്മയും സമീപത്തുണ്ടായിരുന്നു. തുടര്‍ന്ന് വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു.
തൃപ്പുണിത്തുറ, പൂത്തോട്ട, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയത്തെത്തിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കോട്ടയം പാര്‍ട്ടി ഓഫീസിലും തിരുനക്കര മൈതാനത്തുമാണ് ഇനി പൊതുദര്‍ശനം. തുടര്‍ന്ന് സ്വദേശമായ മരങ്ങാട്ടുപള്ളിയിലും പാല മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടോടെ പാലായിലെ വീട്ടിലെത്തിക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നു മണിക്ക് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം.
കെഎം മാണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും അനുശോചനം അറിയിച്ചു. ജോസ് കെ മാണിയെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചത്.
Discussion about this post