താന്‍ താരപ്രചാരകനല്ല എന്ന പ്രചാരണത്തിന് ശക്തമായ മറുപടി നല്‍കി വിഎസ് അച്യുതാനന്ദന്‍

ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കുമെന്നും ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണിതെന്നുമായിരുന്നു വിഎസിന്റെ മറുപടി.

ആലപ്പുഴ: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ താര പ്രചാരകനല്ല എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ശക്തമായ മറുപടി നല്‍കി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ചില താരങ്ങളുടെ അവസാന കാലഘട്ടം ‘ചുവപ്പ് ഭീമന്‍’ ആയിട്ടായിരിക്കുമെന്നും ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണിതെന്നുമായിരുന്നു വിഎസിന്റെ മറുപടി.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഈ തെരഞ്ഞെടുപ്പ് കാലത്തും പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ലെന്ന് വിഎസ് ഉറപ്പിച്ച് പറയുന്നു.

ജാതിമത വിഭജനം നടത്തി അതിന്റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Exit mobile version