കൊച്ചി: നിലവിലെ പിഎസ്‌സി റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നും കെഎസ്ആര്‍ടിസിയിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2,455 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയുണ്ട്. ഇവര്‍ക്ക് അഡ്‌വൈസ് മെമ്മോ അയക്കാനും ഹൈക്കോടതി പറഞ്ഞു. ഏപ്രില്‍ 30നകം നടപടി പൂര്‍ത്തീകരിക്കണമെന്നും ഉത്തരവില്‍ ഉണ്ട്. ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് പിഎസ്‌സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ്.
ഹര്‍ജി നല്‍കിയത് 2012 ഓഗസ്റ്റ് 23ന് നിലവില്‍ വന്ന പിഎസ്‌സി പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളാണ്. ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് റിസര്‍വ് ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു. 2015 ജൂണ്‍ 30ന് 2,455 ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇതിനിടെ ലിസ്റ്റിന്റെ കാലാവധി 2016 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.
എംപാനല്‍ ഡ്രൈവര്‍മാരുടെ കണക്ക് പല തവണ ആരാഞ്ഞെങ്കിലും കെഎസ്ആര്‍ടിസി ഹാജരാക്കിയില്ലെന്ന് അപ്പീലില്‍ പറയുന്നു. 2016 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് 1,473 എംപാനല്‍ ഡ്രൈവര്‍മാര്‍ ജോലിയിലുണ്ടെന്ന് ഇടക്കാല ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ വ്യക്തമാക്കി. റിവ്യൂ ഹര്‍ജിയില്‍ ഈ ഒഴിവുകളും പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.