തൃശ്ശൂര്‍: ഉത്സവത്തിന് ആനയെ മതിയായ രേഖകളില്ലാതെ എഴുന്നള്ളിപ്പിനെത്തിച്ചതിനെ തുടര്‍ന്ന് ആനയെ വനംവകുപ്പ് പിടിച്ചെടുത്തു. ആമ്പല്ലൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവശങ്കരന് എന്ന ആനയെ ആണ് പിടിച്ചെടുത്തത്. കേച്ചേരി പറപ്പൂക്കാവ് പൂരത്തിന് എഴുന്നള്ളിക്കാനാണ് ആനയെ കൊണ്ടുവന്നത്.
തൃശ്ശൂര്‍ വനംവകുപ്പ് ഫ്ളൈയിംഗ് സ്വക്വാഡാണ് ആനയെയും കൊണ്ടു വന്ന ലോറിയും പിടിച്ചെടുത്തത്. നിലവില്‍ ഉത്സവത്തിന് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവരാന്‍ കളക്ടറുടെ അനുമതിയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. എന്നാല്‍ ഈ ആനയ്ക്ക് ഒരു പരിശോധനയും നടത്തിയിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രേഖകളില്ലാത്തതിനാല്‍ നേരത്തെ തന്നെ ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് അവഗണിച്ചാണ് ആനയെ എഴുന്നള്ളിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് വനംവകുപ്പ് നടപടി എടുത്തത്.
ഫോറസ്റ്റ് ഫ്ളൈയിംഗ് സ്ക്വാഡ് ഓഫീസറായ ഭാസി ബാഹുലേയന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംഎസ് ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാജ് കുമാര്‍, ഇപി പ്രതീഷ്, ജിതേഷ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടിച്ചെടുത്തത്.
Discussion about this post