ചിറ്റാരിക്കാല്‍: തെയ്യം കെട്ടി ആടുന്നതിനിടെ കലാകാരന് കുഴഞ്ഞു വീണ് മരിച്ചു. കളിയാട്ട വേദിയെ കണ്ണീരിലാഴ്ത്തിയാണ് സുരേന്ദ്രന് വിടവാങ്ങിയത്. ചിറ്റാരിക്കാലില്‍ നിന്ന് ആറുകിലോമീറ്ററോളം അകലെ തയ്യേനിക്കടുത്താണ് കുണ്ടാരം കോളനി. കോളനി നിവാസികളുടെ തറവാട് ക്ഷേത്രമാണ് കുളിനീരിലെ വീഷ്ണുമൂര്‍ത്തി ദേവസ്ഥാനം. ഓലകൊണ്ട് കെട്ടിയ താത്കാലിക ക്ഷേത്രമാണ് ഇവിടെയുള്ളത്. മരപ്പലക കൊണ്ട് താത്കാലികമായി നിര്‍മ്മിച്ച പ്ലാറ്റ് ഫോമില്‍നിന്നാണ് ആളുകള്‍ തെയ്യം വീക്ഷിച്ചിരുന്നത്.
പെട്ടെന്ന് കലാകാരനായ സുരേന്ദ്രന് കുഴഞ്ഞ് വീഴുകയായിരുന്നു. എല്ലാവരും നോക്കി നില്‍ക്കെയാണ് സുരേന്ദ്രന് കുഴഞ്ഞുവീണത്. എന്നാല്‍ ആര്‍ക്കും ആദ്യമൊന്നും മനസിലായില്ല. ഞെട്ടല്‍ വിട്ടുമാറി ആളുകള്‍ ഓടിച്ചെന്ന് കോരിയെടുത്തപ്പോഴേക്കും സുരേന്ദ്രന് അനക്കമുണ്ടായിരുന്നില്ല. ആരോ വെള്ളം കൊടുത്തെങ്കിലും കുടിച്ചില്ല. വേഗം തെയ്യവേഷമഴിച്ചുമാറ്റി ആളുകള്‍ ഓട്ടോറിക്ഷയില്‍ ചെറുപുഴയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വര്‍ഷങ്ങളായി തെയ്യംകെട്ടുന്ന സുരേന്ദ്രന് ശനിയാഴ്ച ഉച്ചയോടെയാണ് പറക്കളായി കാലിക്കടവിലെ വീട്ടില്‍നിന്ന് പോയത്. സുഹൃത്തുക്കളും ബന്ധുക്കളുമായ സുധീഷ്, ബിജു എന്നിവര്‍ക്കൊപ്പം സുരേഷിന്റെ ഓട്ടോറിക്ഷയില്‍ എണ്ണപ്പാറ സര്ക്കാരിയിലെത്തി. അവിടുന്ന് തെയ്യത്തിന്റെ ആടയാഭരണങ്ങളും ചെണ്ടയും സഹായികളെയും കൂട്ടി ജീപ്പിലാണ് ചിറ്റാരിക്കാലിലെത്തിയത്. മൂന്നു മണിയോടെയാണ് തെയ്യം കെട്ടിയാടിയത്. പകല്‍ 11 മണിവരെ ഏതാണ്ട് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പഞ്ചുരുളി കെട്ടിയാടി സുരേന്ദ്രന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പഞ്ചുരുളിക്കുശേഷം കെട്ടിയാടേണ്ട തെയ്യങ്ങളെല്ലാം സുരേന്ദ്രന്റെ മരണത്തോടെ താത്കാലികമായി നിര്‍ത്തിവെച്ചു. കലാകാരന്റെ വേര്‍പാടും കളിയാട്ടം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതും കുടുംബാംഗങ്ങള്‍ക്കും തീരാദുഃഖത്തിന് വഴിവെയ്ക്കുകയും ചെയ്തു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ അവികസിത മേഖലയാണ് സുരേന്ദ്രന്റെ വീടിരിക്കുന്ന കാലിക്കടവ് ചീറ്റക്കോളനി. പട്ടികവര്‍ഗത്തില്‍പ്പെടുന്ന മാവിലന് സമുദായാംഗമാണ് സുരേന്ദ്രന്. കുടുംബത്തിന്റെ ഏക ആശ്രയം കൂടിയായിരുന്നു അദ്ദേഹം. ചെങ്കല്ല് കെട്ടി ഓടിട്ട വീടാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ ചോര്‍ന്നൊലിക്കുന്നത് കൂടിയാണ്. മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് വലിച്ചുകെട്ടിയാണ് നനയാതെ കിടക്കുന്നത്.
Discussion about this post