ചേര്‍ത്തല: ആലപ്പുഴയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന പട്ടണക്കാട് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ വെട്ടിപ്പില്‍ ഭരണസമിതിക്കും പങ്കെന്ന് കണ്ടെത്തല്‍. സഹകരണവകുപ്പ് 65-ാം വകുപ്പനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭരണസമിതിയുടെ കുറ്റം തെളിഞ്ഞതോടെ നഷ്ടം ഇവരില്‍ നിന്ന് ഈടാക്കാനാണ് ഉത്തരവ്. നിലവിലെ പ്രസിഡന്റ് എംകെ ജയപാല്‍ ഉള്‍പ്പെടെ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കും കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് ജീവനക്കാര്‍ക്കും എതിരെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സര്‍ച്ചാര്‍ജ് ഉത്തരവിറക്കി.
മുന്‍ ഭണസമിതി അംഗവും നിലവിലെ പ്രസിഡന്റുമാണ് ജയപാല്‍. കഴിഞ്ഞ ഭരണസമിതിയിലെ മൂന്നുപേരും പുതിയ ഭരണസമിതിയിലുമുണ്ട്. ഇവരാണ് വകുപ്പ് നടപടിയിലൂടെ ഭരണസമിതി അംഗത്വത്തില്‍ അയോഗ്യരായത്. 2015ലാണ് ബാങ്കിലെ ക്രമക്കേടുകള്‍ പുറത്തുവന്നത്. വ്യാജവായ്പ, നിക്ഷേപത്തട്ടിപ്പ്, ഇല്ലാത്ത നിക്ഷേപത്തിന്റെ പേരിലെ വായ്പ, ഭരണസമിതി അംഗത്തിന്റെ ഭൂമിയുടെ ഈടില്‍ അനധികൃതവായ്പ എന്നിങ്ങനെയാണ് വെട്ടിപ്പ് നടത്തിയത്. സഹകരണവകുപ്പ് അന്വേഷണത്തില്‍ 25 കോടിയില്‍പ്പരം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് അന്നത്തെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് ഭരണസമിതിയുടെ പങ്കാളിത്തം തെളിഞ്ഞത്.
ബാങ്കിനുണ്ടായ നഷ്ടത്തില്‍ 16,21,20,293 രൂപ ഇവരില്‍നിന്ന് ഈടാക്കാനാണ് ഉത്തരവ്. മുന്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാരില്‍നിന്നും 11 ഭരണസമിതി അംഗങ്ങളില്‍നിന്നുമാണ് തുക ഈടാക്കുക. മുന്‍ സെക്രട്ടറിയില്‍നിന്ന് 7.99 കോടി ഈടാക്കാനും പ്രസിഡന്റില്‍നിന്ന് 8.79 ലക്ഷവും ഈടാക്കാനാണ് ഉത്തരവ്. 4.37 ലക്ഷം മുതല്‍ എട്ടുലക്ഷം വരെയാണ് ഭരണസമിതി അംഗങ്ങള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post