കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അച്ഛന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.തന്റെ മകനെ കരുതിക്കൂട്ടി കൊന്നതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃപേഷിന്റെ അച്ഛന് പറഞ്ഞു. മകന് നേരത്തെ ഭീഷണിയെ കുറിച്ച് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കൃപേഷിന്റെ അച്ഛന്റെ വാക്കുകള്‍….
”നിര്‍ധന കുടുംബമാണ് തന്റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏക മകനായിരുന്നു. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ അവന്റെ പഠിത്തവും മുടങ്ങി.
നേരത്തേ സിപിഎമ്മുകാരുമായി രാഷ്ട്രീയതര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇനി പ്രശ്നങ്ങളില്‍ പെട്ടാല്‍ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞതാണ്. സിപിഎമ്മുകാര്‍ കൊല്ലുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല.”
അതേസമയം കൃപേഷിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കഴിഞ്ഞു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നു. കൊടുവാള് പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോര്‍ട്ട്. ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ് കാലുകളില്‍.
കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്റീമീറ്റര്‍ നീളത്തിലും രണ്ട് സെന്റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകര്‍ന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്ലാല് മരിച്ചത്.
Discussion about this post