ചെങ്ങന്നൂര്‍: ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ രണ്ടംഗ സംഘം പോലീസ് പിടിയില്‍. ആറന്മുള സ്വദേശി ലിജു, ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി അഖില്‍ എന്നിവരാണ് ചെങ്ങന്നൂരില്‍ പിടിലായത്.
ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശി ഗണേഷ് കരുണാകരന് നായരെ ആക്രമിച്ച് ഒന്‍പതര പവന്റെ സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി 10ന് പെണ്ണുക്കര-പളളിമുക്ക് റോഡിലായിരുന്നു സംഭവം നടന്നത്.
ചെങ്ങന്നൂര്‍ ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേഷിനെ പെണ്ണുക്കര മാര്‍ത്തോമ്മ പളളിയുടെ സമീപംവെച്ച് ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം റോഡിനുകുറുകെ തടഞ്ഞു നിര്‍ത്തി. ഗണേശിന്റെ കൈയ്യില്‍ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ് ചെയ്തതെന്ന് ചോദിച്ചശേഷം പ്രതികള്‍ കൈയ്യില്‍ കരുതിയ മുളകുപൊടി മുഖത്തുവിതറി ഗണേശിനെ മര്‍ദ്ദിച്ചു. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
മാല പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗണേശിന്റെ കഴുത്ത് മുറിഞ്ഞിരുന്നു. ഗണേശ് സഞ്ചരിച്ച വഴികളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ മാല ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയില്‍ ഒരുലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് വില്പന നടത്തി. ബൈക്കും തൊണ്ടിമുതലും പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post