കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധോലോക നായകന് രവി പൂജാരി തന്നേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത്. രണ്ടാഴ്ച മുമ്പ് ആഫ്രിക്കയില്‍നിന്ന് തനിക്ക് ഒരു നെറ്റ് കോള്‍ വന്നെന്നായിരുന്നു പിസിയുടെ വെളിപ്പെടുത്തല്‍.
‘ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. എന്നാല്‍ സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ ഞാനും മറുപടി പറഞ്ഞു’…. പിസി ജോര്‍ജ് പറയുന്നു.
അതേസമയം പൂജാരിയുടെ കോള്‍ വന്ന ശേഷം മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പിസി ജോര്‍ജ് പറയുന്നു. പോലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പിസി ജോര്‍ജ് പറയുന്നു.
അതേ സമയം സെനഗലില്‍ പിടിയിലായ രവി പൂജാരിയെ ഉടന്‍ കൊച്ചി പോലീസിന് കൈമാറും എന്നാണ് കരുതുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ രവി പൂജാരി കഴിഞ്ഞത് ആന്‍ണി ഫര്‍ണാണ്ടസ് എന്നപേരിലാണ്.
Discussion about this post