ഹൃദയങ്ങള്‍ കീഴടക്കി അഞ്ജനപ്പുഴ ഗ്രാമം! മാധ്യമപ്രവര്‍ത്തകന്‍ പിവി കുട്ടന്റെ ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ ശ്രദ്ധേയമാകുന്നു

വായനാലോകത്ത് പുതിയ അനുഭവമായി മാധ്യമപ്രവര്‍ത്തകന്റെ കഥാസമാഹാരം. ഗ്രാമത്തിന്റെ വിശുദ്ധിയും ചരിത്രവും പങ്കുവയ്ക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ പിവി കുട്ടന്റെ ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകനാണ് പിവി കുട്ടന്‍.

കൈവിട്ടുപോയിത്തുടങ്ങിയ ഇന്നലെകളുടെ സംസ്‌കാരവും ഐതിഹ്യങ്ങളുടെയും ഓര്‍മ്മപുസ്തകമാണ് ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’. മാധ്യമ ലോകത്തു നിന്നും ഒരു എഴുത്തുകാരന്‍ ആദ്യ കൃതിയിലൂടെ തന്നെ സാഹിത്യലോകത്ത് ഇടംപിടിച്ചിരിക്കുന്നതിന്റെ തെളിവാണ് പുസ്തകം പുറത്തിറങ്ങി ഉടനെ തന്നെ രണ്ടാം പതിപ്പും പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്.
എഴുത്ത് അത്രത്തോളം കുറിക്കുകൊണ്ടു എന്ന് അവതാരിക എഴുതി സാക്ഷ്യപ്പെടുത്തിയത് ‘മയ്യഴിപ്പുഴയുടെ’ ശില്പി സാക്ഷാല്‍ എം മുകുന്ദനാണ്.

പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ വെള്ളരിനാടകങ്ങളൊക്കെ അവതരിപ്പിച്ചിരുന്ന പഴയൊരു നാട്ടിന്‍പുറത്തെ കുറിച്ച് ഓര്‍ത്തുനോക്കൂ, അവിടെ ഒരു ഭഗവതിക്കാവും പുഴയും സിനിമാ കൊട്ടകയുമൊക്കെ ഉണ്ടെന്നുകൂടി സങ്കല്‍പ്പിക്കുക. എത്ര നല്ല ഓര്‍മ്മകളായിരിക്കുമത് ! അങ്ങനെയൊരു ഗ്രാമത്തിന്റെ കഥ പറയുകയാണ്
‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’. പയ്യന്നൂരിനടുത്തുള്ള അഞ്ജനപ്പുഴയെന്ന ഗ്രാമത്തിന്റെയും പുഴയുടെയും കഥയാണ്, അല്ലെങ്കില്‍ ചരിത്രമാണ്. കുട്ടന്റെ ജീവിത വഴികളും അഞ്ജനപ്പുഴയുടെ കഥയിലൂടെ രേഖപ്പെടുത്തിയിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് കര്‍ക്കടത്തില്‍ നടത്തിയ ആദ്യ ഗുരുവായൂര്‍ യാത്രയോടെയാണ് അഞ്ജനപ്പുഴയുടെ ആദ്യ പടവ് വായനക്കാരന്‍ ഇറങ്ങുന്നത്. യദു എന്ന് പേരു വിളിച്ചെങ്കിലും കുട്ടനായിത്തന്നെ നിലനില്‍ക്കാന്‍ ആഖ്യാതാവ് ആഗ്രഹിക്കുന്നു. അവിടുന്നങ്ങോട്ട് ഓര്‍മകളുടെ കുത്തൊഴുക്കാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട കറുപ്പ് സ്വാമി എന്ന അന്യസംസ്ഥാന തൊഴിലാളിയുടെ സൗഹൃദം. എന്നെങ്കിലും താന്‍ അവനെ കണ്ടുമുട്ടും എന്ന പ്രത്യാശ പങ്കുവെക്കുന്നതിനൊപ്പം തന്നെ അന്നത്തെ ഗ്രാമ ജീവിത രീതികളും കുട്ടന്‍ ഇവിടെ പങ്കുവെക്കുന്നു.

സുരന്റെ എസ്റ്റേറ്റ് എന്നാണ് നാട്ടില്‍ എല്ലാവരും ആ ഇടത്തെ വിളിക്കുന്നത്. ആരാണ് സുരന്‍ എന്ന് നാട്ടുകാര്‍ക്ക് ഒരു പിടിയുമില്ല. എസ്റ്റേറ്റില്‍ മരുന്നുതെളിക്കാനായി ‘ആകാശത്തുമ്പി’ എത്തിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി ഹെലികോപ്റ്റര്‍ അഞ്ജനപ്പുഴക്കാര്‍ കാണുന്നത്. അവരുടെ കൗതുകം അതേപടി വരച്ചുകാണിച്ച വരികള്‍ക്കൊപ്പം ഗ്രാമത്തിലെ കൃഷി രീതികളും ഞാറ് നടല്‍ മുതല്‍ പുത്തരിച്ചോറ് വെക്കുന്നത് വരെ പറഞ്ഞുപോകുന്നു ഈ അധ്യായം.

കുറ്റൂരിന്റെ വഴികള്‍, തുമ്പത്തടം ട്യൂഷന്‍ സെന്ററുമെല്ലാം സ്‌കൂള്‍ കാലവും സൗഹൃദങ്ങളും ഓര്‍മിപ്പിക്കുന്നു. തെയ്യക്കാലവും ഏളത്തും ആചാരങ്ങളുടെ ഓര്‍മപ്പെടുത്തലുകളായി എത്തിനോക്കുന്നു. കാളിയും കൂളിയും പേടിപ്പെടുത്തിയ രാത്രികള്‍. ഇരുട്ടിനെ മറച്ച് രാത്രികാലങ്ങളില്‍ വെളിച്ചമെത്തിയതോടെ എവിടെയോ മറഞ്ഞ കാളികളും കൂളികളും അന്നത്തെക്കാലത്ത് എത്രയെത്ര മനസ്സുകളെ ഭീതിപ്പെടുത്തിയിരിക്കണം? ഗ്രാമീണരുടെ എക്കാലത്തെയും പ്രിയ വിനോദമായ വോളിബോളും പുസ്തകത്തില്‍ കടന്നുവരുന്നു. നീലമാനത്തേക്ക് കുതിക്കുന്ന വെളുപ്പും ചുവപ്പും ചതുരക്കട്ടകളോടുകൂടിയ പന്ത് മാരാങ്കരയിലെ മൈതാനത്ത് വിസ്മയങ്ങള്‍ തീര്‍ക്കാറുണ്ടായിരുന്ന നാളുകള്‍. നിരവധി ക്ലബ്ബുകള്‍. ഓരോ കളിക്കാരന്റെയും പേരുകള്‍ ഹൃദിസ്ഥമായിരുന്ന കുട്ടിക്കാലത്തെ അതിമനോഹരമായി കുറിച്ചിട്ടിരിക്കുന്നു ഈ അധ്യായത്തില്‍.

എന്ത് ദുഖത്തില്‍ നിന്നും കരകയറ്റുന്ന പറശിനി മുത്തപ്പനെയും പുസ്തകത്തില്‍ കുട്ടന്‍ വിസ്മരിക്കുന്നില്ല. മാടായി കോളേജും അവിടത്തെ കാക്കപ്പൂക്കളും രാഷ്ട്രീയവും എല്ലാം അടുക്കിവെച്ചിരിക്കുന്നത് ഏറെ ഹൃദമായി വായിക്കാവുന്നതാണ്. അത്ഭുത ഉണ്ണി മിശിഹാ തീര്‍ത്ഥാലയവും മൈലഞ്ചേരി പുതിയ ഭഗവതി ക്ഷേത്രവും കുറ്റൂര്‍ ജുമ മസ്ജിദും ഒരു സൈന്‍ ബോര്‍ഡില്‍ ഒന്നിച്ചുവെച്ചിരിക്കുന്ന പ്രദേശം. ഇക്കാലത്തെ അപൂര്‍വമായ കാഴ്ചയിലൂടെ ഇന്നത്തെ ലോകത്തിന്റെ മതഭ്രാന്തിലും മതേതരത്വത്തിന്റെ ജിഹ്വയായി നില്‍ക്കുന്ന കുറ്റൂര്‍ പ്രദേശത്തെക്കുറിച്ചും പുസ്തകത്തില്‍ വര്‍ണിക്കുന്നുണ്ട്. 24 പടവുകളുമിറങ്ങി അഞ്ജനപ്പുഴയുടെ കുളിര്‍മയും നെഞ്ചിലേറ്റി വായിക്കാവുന്ന പുസ്തകമാണിത്. ഒപ്പം ബിജു കൊട്ടിലയുടെ അതിമനോഹരമായ ചിത്രങ്ങളും പുസ്തകത്തിന് മിഴിവേറ്റുന്നു.

Exit mobile version