മണ്ഡല-മകരവിളക്ക് കാലത്ത് വില്‍പനയില്‍ ഇടിവ്; ലേലത്തുക കുറയ്ക്കണമെന്ന് വ്യാപാരികള്‍

ശബരിമലയില്‍ മണ്ഡല- മകരവിളക്ക് കാലത്ത് 65 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് വ്യാപാര മേഖലയെയും കാര്യമായി ബാധിച്ചു. ഇതേ തുടര്‍ന്ന് വന്‍ സാമ്പത്തിക നഷ്ടമാണ് കച്ചവടക്കാര്‍ക്ക് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് ലേലത്തുക കുറയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബോര്‍ഡാണെന്നായിരുന്നു കോടതി പറഞ്ഞത്.

ശബരിമലയില്‍ പ്രളയത്തെ തുടര്‍ന്ന് ചിങ്ങം, കന്നി, തുലാം മാസങ്ങളില്‍ തീര്‍ഥാടകര്‍ വളരെ കുറവായിരുന്നു. ഇതിനു പുറമെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെയും അറസ്റ്റുകളുടെയും പശ്ചാത്തലത്തില്‍ മണ്ഡലകാലത്തും തീര്‍ഥാടകര്‍ കുറഞ്ഞു. തീര്‍ത്ഥാടകര്‍ സന്നിധാനത്ത് രാത്രിയില്‍ തങ്ങുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ തീര്‍ത്ഥാടകര്‍ വേഗം മലയിറങ്ങുന്ന സ്ഥിതിയായിരുന്നു. ഇതോടെ കച്ചവടവും കുറഞ്ഞു. പലരും പലിശയ്ക്ക് വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് ടെന്‍ഡറിന്റെ 50 ശതമാനം തുക അടച്ചതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

ശബരിമലയില്‍ മണ്ഡല- മകരവിളക്ക് കാലത്ത് 65 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്. പ്രളയത്തിന് മുന്‍പ് ആഗസ്റ്റ് അവസാനത്തോടെയാണ് ശബരിമലയിലെ ഭൂരിഭാഗം ഹോട്ടലുകളുടെയും കടകളുടെയും ലേലം നടന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ഇവ വിറ്റുപോയത്. പ്രളയത്തിന് ശേഷം കുറഞ്ഞ തുകയ്ക്ക് ലേലം പിടിച്ച വ്യാപാരികള്‍ക്ക് പോലും വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Exit mobile version