വയനാട്: പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയുണ്ടാകും. ആരോപണവിധേയനായ ഒഎം ജോര്‍ജിനെതിരെ നടപടി ഉണ്ടാകുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് വ്യക്തമാക്കി.
കൂടാതെ ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ബ്ലോക്ക്,മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടതായും, ഇന്ന് ഉച്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കെപിസിസിക്ക് സമര്‍പ്പിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ഐസി ബാലകൃഷ്ണന് വ്യക്തമാക്കി.
ഒന്നര വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളില്‍ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയത്. ശേഷം രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പോലീസിനെ വിവരം അറിയിച്ചത്. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. അതേസമയം അരോപണവിധേയനായ നേതാവ് ഒളിവിലാണ്.
Discussion about this post