പുന്നയൂര്‍ക്കുളം: പോലീസ് വാഹനത്തിനു ഡീസല്‍ അടിച്ച് നല്‍കിയതിന്റെ പണം ചോദിച്ച വിരോധത്തില്‍ മാവിന്‍ചുവട് പെട്രോള്‍ പമ്പിനു മുന്നില്‍ വടക്കേകാട് പോലീസിന്റെ വാഹന പരിശോധന. പമ്പിലേക്ക് കയറിയ വാഹനങ്ങള്‍ പോലും റോഡിലേക്ക് വിളിച്ചിറക്കിയെന്നാണ് പമ്പുടമയുടെ പരാതി. പമ്പിലെ ജീവനക്കാരനെ അര മണിക്കൂറിലധികം റോഡില്‍ നിര്‍ത്തി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് എസ്ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
സംഭവത്തില്‍ പോലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പോലീസ് ജീപ്പിനു 1000 രൂപയ്ക്ക് ഡീസല്‍ അടിച്ചത്. പിറ്റേ ദിവസം പണം എത്തിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കാണാത്തതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. വൈകിട്ട് പമ്പില്‍ എത്തിയ പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ പണം ചോദിച്ചത് രസിക്കാത്ത മട്ടില്‍ സംസാരിക്കുകയായിരുന്നു.
ഏതാനും മാസം മുന്‍പ് മന്ദലാംകുന്നിലെ ഹോട്ടലില്‍ നിന്നു പോലീസുകാര്‍ ഭക്ഷണം കഴിച്ചതിന്റെ പണം വാങ്ങിയതിനെ തുടര്‍ന്ന് ഹോട്ടലിനു മുന്നില്‍ വാഹന പരിശോധന നടത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അന്ന് അവിടെ അപകടത്തില്‍ ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് പോലീസ് അതിക്രമം ആരോപിച്ച് ദേശീയപാത ഉപരോധിച്ചിരുന്നു.
Discussion about this post