ഭക്തജനങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടു വരുന്നത് ഒഴിവാക്കണം, പൊങ്കാല ദിനത്തില്‍ ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം;ഗ്രീന്‍ പ്രോട്ടോക്കോളുമായി കളക്ടര്‍ വാസുകി

പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവ ദിനങ്ങളില്‍ ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു.

ഇത്തവണ ഫെബ്രുവരി 20നാണ് ആറ്റുകാല്‍ പൊങ്കാല. ഫെബ്രുവരി 12 മുതല്‍ 21 വരെയാണ് പൊങ്കാല മഹോത്സവം. ഭക്തജനങ്ങള്‍ പൊങ്കാലയ്ക്ക് വരുമ്പോള്‍ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങള്‍ മണ്‍കപ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, പാം പ്ലേറ്റ്സ് എന്നിവ ഉപയോഗിക്കണമെന്നും ഉത്സവവുമായി ബന്ധപ്പെട്ട് തുറക്കുന്ന താത്ക്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടുമെന്നും പ്ലാസ്റ്റിക്കിന് പകരം ബ്രൗണ്‍ കവറുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉത്സവത്തിനായി ലൈസന്‍സ് നല്‍കുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്നും അന്നദാനം നടത്തുന്നവര്‍ക്ക് കുടിവെള്ള വിതരണത്തിനായി ബബിള്‍ ടോപ്പ്, ആര്‍ഒ സംവിധാനം എന്നിവ ഉപയോഗിക്കാമെന്നും പ്ലാസ്റ്റിക് പാത്രങ്ങളോ കപ്പുകളോ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

പൊങ്കാല ദിനത്തില്‍ അന്നദാനത്തിന് ആവശ്യമുള്ള സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നഗരസഭയില്‍നിന്ന് ലഭിക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ശബ്ദമലിനീകരണം തടയുന്നതിനുള്ള നടപടികളും കര്‍ശനമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡും പോലീസും സ്പെഷ്യല്‍ ഡ്രൈവ് നടത്തണം. നിയമ ലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. പൊങ്കാലയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പെട്രോള്‍ പമ്പുകള്‍, കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയില്‍നിന്ന് സുരക്ഷിത അകലം പാലിച്ചിട്ട് മാത്രമേ പൊങ്കാല അടുപ്പുകളിടാന്‍ അനുവദിക്കുകയുള്ളു എന്നും കളക്ടര്‍ അറിയിച്ചു. ആംബുലന്‍സ്, മരുന്ന് എന്നിവ സഹിതമുള്ള മെഡിക്കല്‍ സംഘങ്ങള്‍ ക്ഷേത്ര പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാകും.

അതേ സമയം ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ഇബിയും റെയില്‍വേയും യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം വിആര്‍ വിനോദ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version