തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയം ലക്ഷ്യം വെച്ചാണ് പാര്‍ട്ടി നീങ്ങുന്നത്.
ഓരോ ജില്ലകളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍, മണ്ഡലങ്ങളിലെ സംഘടനാ ശക്തി, പ്രാദേശിക നേതാക്കളുടെ അഭിപ്രായങ്ങള്‍, പൊതുജന പിന്തുണ, മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാകും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.
യുവാക്കള്‍ക്കോ മുതിര്‍ന്നവര്‍ക്കോ എന്നതിലുപരിയായി മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമായിരിക്കും സീറ്റ് നല്‍കുക. മധുസൂദന മിസ്ത്രി ചെയര്‍മാനായ സ്‌ക്രീനിങ് കമ്മിറ്റിക്കാണ് സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിക്കാനുള്ള ചുമതല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് മണ്ഡലങ്ങളില്‍ സജീവമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ ഹരിപ്പാട് മാത്രമാണ് നിലവില്‍ യു.ഡി.എഫിന്റെ കൈയിലുള്ളത്. ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പേരാണ് പരിഗണനയില്‍ ഉള്ളത്. കായംകുളത്ത് സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത് അഞ്ചുപേരെയാണ് കെപി ശ്രീകുമാര്‍, അരിത ബാബു, പിഎസ് അനുരാജ്, എം ലിജു, ബിനു ചുള്ളിയില്‍ എന്നിവരാണ്.
അതുപോലെ ഇടുക്കി നിയമസഭ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം കൂടുതല്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. യു.ഡി.എഫിന് ഏറെ ജയസാധ്യതയുള്ള പീരുമേട്ടില്‍ സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്നത് അഞ്ചുപേരെയാണ്. മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയ് കെ.പൗലോസ്, നിഷ സോമന്‍, ടോണി തോമസ്, അലോഷ്യന്‍സ് സേവ്യര്‍ എന്നിവരുടെ പേരുകളാണ് വന്നിരിക്കുന്നത്.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സേനാപതി വേണു, ബിജോ മണി, ഫ്രാന്‍സിസ് ദേവസ്യ, അലോഷ്യന്‍സ് സേവ്യര്‍, റോയ് കെ.പൗലോസ്, എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ദേവികുളം മണ്ഡലത്തില്‍ എ. രാജാറാം, എസ്. രാജ, ഡി കുമാര്‍, കൃഷ്ണമൂര്‍ത്തി എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞദിവസം ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സ്ഥാനാര്‍ഥികളെപ്പറ്റി ധാരണയുണ്ടായത്. കൊട്ടാരക്കരയില്‍ സി.പി.എം. വിട്ടുവന്ന പി. അയിഷാ പോറ്റിക്കും, ആര്‍ ചന്ദ്രശേഖരനും, ആര്‍ രശ്മിക്കുമാണ് സാധ്യതയേറെ. കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയില്‍ സി.ആര്‍. മഹേഷും തുടരും.