കൊച്ചി: ബലാത്സംഗ കേസിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ പുറത്ത്. മൂന്നാം പീഡന പരാതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹര്‍ജിയിലെ വാദം. ഹർജിക്കാരനെ അപകീർത്തിപ്പെടുത്താനും ഹർജിക്കാരനെ ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയുള്ളതാണ് പരാതിയെന്നും ഈ കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നുമാണ് വാദം. പരാതിക്കാരി വിവാഹിതയായ ഒരു സ്ത്രീയാണെന്നും ഉഭയസമ്മതത്തോടെയുള്ള ബന്ധം ആണ് ഉണ്ടായിട്ടുള്ളതെന്നും ഹര്‍ജിയിൽ പറയുന്നു. പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല.
പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന്‍റെ ഗുണദോഷങ്ങൾ അവൾക്കറിയാമെന്നും ഹര്‍ജിയിൽ പറയുന്നു. പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് യഥാർത്ഥ പരാതിക്കാരിക്ക് നന്നായി അറിയാമെന്നും പരാതിക്കാരി അവിവാഹിതയായ സ്ത്രീയാണെന്ന ധാരണയിലായിരുന്നു ഹർജിക്കാരനെന്നുമാണ് വാദം. വിവാഹിതയാണ് എന്ന് അറിഞ്ഞപ്പോൾ ബന്ധം തകർക്കുകയായിരുന്നുവെന്നും ഹര്‍ജിയിൽ പറയുന്നു. രാഹുൽ നൽകിയ ജാമ്യ ഹര്‍ജി നാളെയാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഗുരുതരമായ ആരോപണമാണ് പരാതിയിൽ രാഹുലിനെതിരെ യുവതി ഉന്നയിക്കുന്നത്. രാഹുലിനെതിരായ ഈ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതും തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്യുന്നതും.