തൃശ്ശൂർ: ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ആണ് ദാരുണ സംഭവം. കാവിലക്കാട് വിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ച് ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.
ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
