തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെഎസ് ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 11168 വാർഡുകളിലേയ്ക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്.

Exit mobile version