ചിറ്റൂർ: പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു. വണ്ടിത്താവളം സ്വദേശി നാരായണൻ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സപിഴവാണ് കാരണമെന്ന് കുഞ്ഞിൻ്റെ രക്ഷിതാക്കൾ ആരോപിക്കുന്നു. ബുധനാഴ്ചയാണ് താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ചെയ്യുന്നതിനുള്ള ഡേറ്റ് നൽകിയിരുന്നത്. എന്നാൽ പ്രസവവേദനയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ തന്നെ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്ന് നാരായണൻ കുട്ടി പറയുന്നു.
കുഞ്ഞിന്റെ കാലായിരുന്നു ആദ്യം പുറത്ത് വന്നത്. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഒമ്പതാം മാസത്തില്‍ കുഞ്ഞ് ബ്രീത്തിങ് പൊസിഷനിലായിരുന്നതിനാലാണ് പ്രസവ തീയതി നല്‍കിയതെന്നും സിസേറിയന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായതാണ് പ്രശ്‌നം വഷളാക്കിയതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.