തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങൾക്കായി ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 250 രൂപ മുടക്കിയാൽ രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ഇരുചക്ര വാഹന യാത്രികരെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. അപകടത്തിൽ പരിക്കേറ്റാൽ 2 ലക്ഷം രൂപ വരെ പരമാവധി ചികിത്സാ ചെലവും മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. ഓരോ ജില്ലയിലും അഞ്ച് വരെ ആശുപത്രികളെ പങ്കാളികളാക്കി കൊണ്ട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഐഎംഎ ഈ പദ്ധതി നടപ്പാക്കുന്നത്.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ രാസ്‌താ ആപതി കവച് – റോഡ് സേഫ്റ്റി ഇൻഷുറൻസ് എന്ന പദ്ധതിയാണ് ഐഎംഎ ഏറ്റെടുത്ത് നടപ്പാക്കുന്നത്. 18 വയസ് മുതൽ 70 വയസ് വരെ പ്രായമുള്ളവർക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ പദ്ധതിയിൽ അംഗങ്ങളാകാൻ സാധാരണ 320 രൂപയാണ് പ്രീമിയം തുക. എന്നാൽ ഐഎംഎ നടപ്പാക്കുന്ന പദ്ധതിയിൽ 250 രൂപയാണ് ഗുണഭോക്താവ് നൽകേണ്ട പ്രീമിയം തുക. ഐഎംഎ 50 രൂപയും ഓരോ ജില്ലയിലും പങ്കാളികളാകുന്ന ആശുപത്രി 20 രൂപയും പ്രീമിയം തുകയിലേക്ക് അടക്കും.