കോഴിക്കോട്: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയ ആറുവയസ്സുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളുടെ അറുപതോളം പാടുകളാണുണ്ടായിരുന്നത്. എന്നാല്‍ സാക്ഷി മൊഴി അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികള്‍ക്ക് കൊലക്കുറ്റം ചുമത്തിയില്ലെന്ന് വിചാരണ കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജ് പറയുന്നു.
കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും ഒരു സാക്ഷിയും കൂറുമാറിയിരുന്നില്ല. ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷി മൊഴി നല്‍കിയിട്ടും വിചാരണ കോടതി കൊലപാതകക്കുറ്റം ചുമത്തിയില്ല.
സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പ്രതികളായ സുബ്രമണ്യന്‍ നമ്പൂതിരി റംല ബീഗം എന്നിവര്‍ക്ക് ഹൈക്കോടതി ഇന്നലെ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണുണ്ടായത്. പ്രതികള്‍ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.