തൃശൂര്‍: ആറ്റൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂര്‍ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയില്‍ കണ്ടെത്തിയത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു സ്വപ്ന. രണ്ട് കുട്ടികളുടെ മാതാവാണ്.
രണ്ടാഴ്ച മുമ്പ് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ടോയ്‌ലറ്റില്‍ വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ബാഗും കയ്യില്‍ കരുതി. ആര്‍ത്തവസമയത്തെ രക്തം പുരണ്ട തുണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാഗ് കയ്യിലെടുത്തത്.
കൂനത്തറയിലെത്തിയപ്പോള്‍ ബന്ധുവിന്റെ കൈവശം ബാഗ് നല്‍കി. സമീപത്തെ ക്വാറിയില്‍ ഉപേക്ഷിക്കാനായിരുന്നു സ്വപ്നയുടെ നിര്‍ദ്ദേശം. ബാഗില്‍ രക്തംപുരണ്ട തുണിയാണെന്ന് ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു. അതനുസരിച്ച് ബന്ധു ബാഗില്‍ തുണിയാണെന്ന് കരുതി ഉപയോഗശൂന്യമായ ക്വാറിയില്‍ ഉപേക്ഷിച്ചു. പത്താം തീയതിയാണ് സ്വപ്ന പ്രസവിച്ചത്.
പ്രസവശേഷം ശാരീരിക അവശതകള്‍ നേരിട്ട സ്വപ്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്വപ്നയുടെ ശാരീരിക അവസ്ഥയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വിശദമായ ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങള്‍ പറഞ്ഞത്. യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പൊലീസ് നിരീക്ഷണത്തിലാണ് ഇവര്‍.
ടോയ്ലറ്റില്‍ വച്ച് പ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നതാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.