പാലക്കാട് 29കാരി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവം, ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് 29കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീരയാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ പൂച്ചിറ സ്വദേശി അനൂപിനെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.
ഇക്കഴിഞ്ഞ പത്താം തീയതിയാണ് ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ മീരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പതിവായി മദ്യപിച്ചെത്തുന്ന അനൂപ് മീരയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭര്‍ത്താവുമായി പിണങ്ങിയ മീര മരിക്കുന്നതിന് തലേന്ന് സ്വന്തം വീട്ടിലേക്ക് വന്നിരുന്നു.

എന്നാല്‍ രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ കേള്‍ക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് ഇരുവരുടേയും രണ്ടാം വിവാഹം നടക്കുന്നത്. ആദ്യ വിവാഹത്തില്‍ മീരയ്ക്ക് ഒരു കുട്ടിയുണ്ട്.

Exit mobile version