മരപ്പട്ടി മൂത്രമൊഴിച്ചു, ഹാളിൽ ദുർഗന്ധം, ഹൈക്കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്

high court| bignewslive

കൊച്ചി: ഹൈക്കോടതിയുടെ പ്രവര്‍ത്തനം മരപ്പട്ടി ശല്യത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്. രാവിലെ അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റ ബെഞ്ച് ഇന്നത്തെ സിറ്റിങ് അവസാനിപ്പിക്കുകയായിരുന്നു.

രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.കോടതി ഹാളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് കോടതി പിരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി കോടതി മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതി ഹാളില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരക്കുകയായിരുന്നു.

ഹൈക്കോടതിയുടെ ഒന്നാം നമ്പര്‍ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇവിടെ മരപ്പട്ടി പ്രവേശിച്ച വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഇന്നലെ രാത്രി മൂന്നു കിലോയോളം ഭാരമുള്ള മരപ്പട്ടിയെ പിടികൂടിയിരുന്നു.

എന്നാല്‍ മരപ്പട്ടിയുടെ മൂത്രഗന്ധം മുറിയില്‍നിന്ന് വിട്ടുമാറിയിരുന്നില്ല. തുടർന്നാണ് കോടതിയുടെ പ്രവർത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ബാക്കി കേസുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റി.

Exit mobile version