തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവ് നല്‍കുന്നത്.
സപ്ലൈകോയില്‍ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാള്‍ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉല്‍പ്പന്നങ്ങള്‍, സോപ്പ്, ശര്‍ക്കര, ആട്ട, റവ , മൈദ, ഡിറ്റര്‍ജന്റുകള്‍ , ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍, തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.
വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കാന്‍ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങള്‍ അടങ്ങിയ ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്നിവയാണ് സപ്ലൈകോ നല്‍കുന്ന കിറ്റുകള്‍.
കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളില്‍ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31വരെ വാങ്ങാം.
ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നല്‍കുന്നത്.
















Discussion about this post