ബെവ്‌കോയില്‍ ‘ഡെപ്പോസിറ്റ്’ പദ്ധതി, മദ്യം വാങ്ങിയാല്‍ 20 രൂപ അധികം ഈടാക്കും, കുപ്പി കൊടുത്താല്‍ പണം തിരികെ തരും

തിരുവനന്തപുരം: കേരളത്തില്‍ ബെവ്‌കോ മദ്യക്കുപ്പികള്‍ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്‌കോയില്‍ നടപ്പാക്കുക. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും. ബെവ്‌കോ സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍ വാങ്ങിയ ആള്‍ തന്നെ കൊണ്ടുവരണമെന്ന് നിര്‍ബന്ധമില്ല. ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നല്‍കും.

ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്‌കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോള്‍ ലഭിക്കുമെന്നും അതിനാല്‍ മദ്യ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിവരിച്ചു. സെപ്തംബര്‍ ആദ്യം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാകും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.

Exit mobile version