ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്‌ഐ വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടും യൂത്ത് കോണ്‍ഗ്രസിന് ഒരു വീടിന്റെ പോലും നിര്‍മ്മാണം തുടങ്ങാനായില്ലെന്നാണ് കുറ്റപ്പെടുത്തല്‍.
വയനാട്ടിലെ പ്രതിനിധികളാണ് ചര്‍ച്ച തുടങ്ങിവച്ചത്. ഇത് മറ്റു ജില്ലകളിലെ പ്രതിനിധികളും ഏറ്റെടുത്തു. വീട് നിര്‍മ്മാണത്തിനായി ഒരു മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണം എന്നായിരുന്നു നിര്‍ദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്നും പറഞ്ഞിരുന്നു. ഭൂരിപക്ഷം കമ്മിറ്റികളും പണം നല്‍കിയിട്ടും വീടുപണി തുടങ്ങിയില്ല. ഇത് വലിയ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നിന്ന് പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം. അതേസമയം ദുരിതബാധിതര്‍ക്കായി 20 വീട് ഡിവൈഎഫ്‌ഐ പൂര്‍ത്തിയാക്കി. എന്നിട്ടും യൂത്ത് കോണ്‍ഗ്രസിന് തുടങ്ങാന്‍ പോലുമായില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, 88 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ വന്നതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി. കെപിസിസിയുമായി ചേര്‍ന്ന് ഭവന പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന നേതൃത്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
Discussion about this post