തൃശൂര്‍: പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ (ജൂണ്‍ 20) തുറക്കും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പീച്ചി ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ജൂണ്‍ 20) രാവിലെ ഒന്‍പത് മണി മുതല്‍ കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം/ റിവര്‍ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും എന്നാണ് അറിയിപ്പ്.
മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്ന് പരമാവധി 20 സെന്‍റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
പീച്ചി ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോള്‍ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴകളില്‍ മത്സ്യബന്ധനത്തിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണം.














Discussion about this post