കണ്ണൂര്‍: വീട്ടുമതില്‍ തകർന്ന് റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. കണ്ണൂരിലാണ് സംഭവം. കനത്ത മഴയിലാണ് അപകടം.മുയ്യം ഭ്രാന്തന്‍ കുന്നിലെ പി പി സുനേഷ്നാണ് പരിക്കേറ്റത്.
കൂനത്ത് താമസിക്കുന്ന ഓട്ടോ ഇലക്ട്രീഷ്യനായ സുനേഷ്. അപകടത്തിൽ സുനേഷിൻ്റെ മൂന്ന് ദിവസം മുമ്പ് വാങ്ങിയ സ്‌കൂട്ടറിനും സാരമായ തകരാര്‍ സംഭവിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് മുയ്യം ബാവുപ്പറമ്പ് റോഡിലെ ഭ്രാന്തന്‍ കുന്നില്‍ വീട്ടുമതില്‍ തകര്‍ന്ന് റോഡിലേക്ക് പതിച്ചത്.
സുനേഷ് രാവിലെ ഭ്രാന്തന്‍ കുന്നിലെ വീട്ടിലെത്തി മന്നയിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും അല്‍പ്പം ദൂരമെത്തിയപ്പോള്‍ തന്നെ റോഡിലേക്ക് മതില്‍ പതിക്കുന്നത് കണ്ട് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ഓവുചാലിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ സുനേഷിനെ ഓടിയെത്തിയ നാട്ടുകാരാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സുനേഷിന്റെ കണ്ണിനും ചുമലിനും പരിക്കേറ്റു.
Discussion about this post