കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ മൂലം കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും. യെല്ലോ ഫീവര്‍ വാക്‌സിന്‍ നിബന്ധനയില്‍ ഇളവ് അനുവദിച്ചതിനാലാണ് മൃതദേഹം കൊണ്ടുവരുന്നതിലെ തടസം നീങ്ങിയത്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഇതിലേക്ക് നയിച്ചത്.
കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
കെനിയയില്‍ നിന്നും കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുന്‍കരുതല്‍ നിബന്ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടിലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു.
Discussion about this post