കൊച്ചി;നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം സ്വരാജിനെ കുറിച്ച് നസീർ ഹുസ്സൈൻ കിഴക്കേടത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
‘എം സ്വരാജിനെ കഴിഞ്ഞ ഇലക്ഷനിൽ തോൽപിച്ച തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഒരു വോട്ടറായിരുന്നു ഞാൻ. എനിക്ക് നിലമ്പൂരുകാരോട് ചില കാര്യങ്ങൾ പറയാനുണ്ട്.’- എന്ന് കുറിച്ചുകൊണ്ടാണ് നസീറിൻ്റെ കുറിപ്പിൻ്റെ തുടക്കം.
അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു രാഷ്ട്രീയക്കാരന് എങ്ങിനെ ഒരു തിരഞ്ഞടുപ്പ് ജയിക്കാമെന്നതിന്റെ മാസ്റ്റർ ക്ലാസ് ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കെ ബാബുവിന്റെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രവർത്തനവും വിജയവുമെന്നും ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് കെ ബാബു എന്ത് ചെയ്തു എന്ന് ചോദിച്ചാൽ അഴിമതികളുടെ കൂമ്പാരമാണ് നമുക്ക് കിട്ടുക എന്നും കുറിപ്പിൽ പറയുന്നു.
പിന്നീട് 2016 ൽ എം സ്വരാജ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം കെ ബാബു ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പതിന്മടങ്ങ് പ്രവർത്തങ്ങൾ അദ്ദേഹം അഞ്ചുവർഷങ്ങൾ കൊണ്ട് മണ്ഡലത്തിൽ നടപ്പിൽ വരുത്തിഎന്നും കുറിപ്പിൽ നസീർ പറയുന്നു.
മണ്ഡലത്തിൽ എം സ്വരാജ് ചെയ്ത വികസനകാര്യങ്ങൾ കുറിപ്പിൽ അദ്ദേഹം എണ്ണിപ്പറയുകയും ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
എം സ്വരാജിനെ കഴിഞ്ഞ ഇലക്ഷനിൽ തോൽപിച്ച തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഒരു വോട്ടറായിരുന്നു ഞാൻ. എനിക്ക് നിലമ്പൂരുകാരോട് ചില കാര്യങ്ങൾ പറയാനുണ്ട്.
അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു രാഷ്ട്രീയക്കാരന് എങ്ങിനെ ഒരു തിരഞ്ഞടുപ്പ് ജയിക്കാമെന്നതിന്റെ മാസ്റ്റർ ക്ലാസ് ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കെ ബാബുവിന്റെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രവർത്തനവും വിജയവും.
എന്റെ ബാപ്പ ഒരു ഇടതുപക്ഷെ അനുഭാവിയായിരുന്നു, പക്ഷെ ബാപ്പ മരിച്ചപ്പോൾ വീട്ടിൽ വന്നത് അന്ന് ഇടതുപക്ഷെ എംഎൽഎ ആയിരുന്ന എം സ്വരാജ് ആയിരുന്നില്ല, മറിച്ച് കോൺഗ്രസിന്റെ തോറ്റ എംഎൽഎ കെ ബാബുവായിരുന്നു. അത് പക്ഷെ എന്റെ ബാപ്പയെ കെ ബാബുവിന് അറിയാവുന്നത് കൊണ്ടൊന്നുമല്ല. മണ്ഡലത്തിലെ തനിക്ക് കഴിയുന്ന ഏതാണ്ട് എല്ലാ മരണവീടുകളിലും വിവാഹങ്ങളിലും കെ ബാബു പങ്കെടുക്കുമായിരുന്നു. അതുകൊണ്ടാണ് ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ ജനകീയ എംഎൽഎ ആയി അദ്ദേഹം തൃപ്പൂണിത്തുറയിൽ നിന്ന് ജയിച്ചുകൊണ്ടിരുന്നത്. 2016 ൽ സ്വരാജ് തോൽപ്പിക്കുന്നത് വരെ.
ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് കെ ബാബു എന്ത് ചെയ്തു എന്ന് ചോദിച്ചാൽ അഴിമതികളുടെ കൂമ്പാരമാണ് നമുക്ക് കിട്ടുക. മാതൃഭൂമിയിലെ വാർത്ത പ്രകാരം “വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ, നേരത്തേ ഇഡി കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ബാബുവിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ 25.82 ലക്ഷം രൂപയുടെ ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു. 2007 ജൂലായ് മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. 2011 മുതൽ 2016 വരെ എക്സൈസ് മന്ത്രിയായിരുന്നു അദ്ദേഹം”. ഒരു ദേശാഭിമാനി റിപ്പോർട്ടനുസരിച്ച് കെ ബാബുവിന്റെ ആസ്തി പത്ത് വർഷങ്ങൾക് കൊണ്ട് ആറിരട്ടിയായിട്ടാണ് വർധിച്ചത്.
വാർത്ത ശരിയാണെങ്കിൽ അതൊരു സ്വാഭാവികമായ വരുമാന വളർച്ച അല്ല. അന്നത്തെ പത്രവാർത്തകളിൽ ചിലത് കെ ബാബു പത്ത് കോടി കോഴ വാങ്ങിയെന്ന ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയെ കുറിച്ചൊക്കെയാണ്. അതായത് അഴിമതി ആരോപണങ്ങളുടെ ഒഴുക്ക് തന്നെ കെ ബാബുവിന്റെ സമയത്തുണ്ടായിരുന്നു എന്ന് ചുരുക്കം.
സ്വരാജ് എംഎൽഎ ആയിരുന്ന അഞ്ച് വർഷങ്ങളിൽ പക്ഷെ കല്യാണ വീടുകളിലോ മരണ വീടുകളിലോ അധികമാരും അദ്ദേഹത്തെ കണ്ടിരിക്കാൻ ഇടയില്ല. കാരണം ഒരു എംഎൽഎ യുടെ ജോലി അതല്ലെന്ന് വ്യക്തമായി അറിയാവുന്ന ഒരാളാണ് സ്വരാജ്. പക്ഷെ കെ ബാബു ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പതിന്മടങ്ങ് പ്രവർത്തങ്ങൾ അദ്ദേഹം അഞ്ചുവര്ഷങ്ങള് കൊണ്ട് മണ്ഡലത്തിൽ നടപ്പിൽ വരുത്തി. ഏറ്റവും പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. വൈക്കം റോഡ് വികസനം: തൃപ്പൂണിത്തുറയുടെ ചിരകാല സ്വപ്നങ്ങളിലൊന്നായിരുന്ന വൈക്കം റോഡിന്റെ വികസനം അദ്ദേഹത്തിന്റെ കാലയളവിലെ പ്രധാന നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഏറ്റുമാനൂർ-എറണാകുളം പാതയുടെ ഭാഗമായ പൂത്തോട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം വീതി കൂട്ടി ആധുനിക നിലവാരത്തിൽ നിർമ്മിച്ചത് മണ്ഡലത്തിലെ ഗതാഗതത്തിന് വലിയ മുതൽക്കൂട്ടായി.
2. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ: തൃപ്പൂണിത്തുറ മണ്ഡലത്തോട് ചേർന്നുകിടക്കുന്നതും, മണ്ഡലത്തിലെ ഗതാഗതത്തെ നേരിട്ട് സ്വാധീനിക്കുന്നതുമായ വൈറ്റില, കുണ്ടന്നൂർ ജംഗ്ഷനുകളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത് ഈ കാലയളവിലാണ്. സംസ്ഥാന സർക്കാരിന്റെ ഈ സുപ്രധാന പദ്ധതികൾ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കുകയും തൃപ്പൂണിത്തുറ നിവാസികളുടെ യാത്രാക്ലേശം കുറയ്ക്കുകയും ചെയ്തു. കൊച്ചിയിൽ യാത്ര ചെയ്തവർക്ക് ഈ പാലങ്ങളുടെ പ്രാധാന്യം മനസിലാകും. ഇബ്രാഹിം കുഞ്ഞിന്റെ സമയത്ത് നിർമിച്ച , അഴിമതി കാരണം പൊളിഞ്ഞുവീണ പാലാരിവട്ടം മേൽപ്പാലം വീണ്ടും നിർമിച്ചതും ഓർക്കേണ്ടതാണ്.
3. അനുബന്ധ റോഡുകളുടെ നവീകരണം: പ്രധാന പാതകൾക്ക് പുറമെ, മണ്ഡലത്തിലെ നിരവധി ഉൾനാടൻ റോഡുകളുടെയും ഇടറോഡുകളുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും എം.എൽ.എ. ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
4. ഗെയിൽ പൈപ്പ് ലൈൻ, പവർ ഹൈവേ എന്നിവ പുനരാരംഭിച്ചത് സ്വരാജിന്റെ സമയത്താണ്.
5. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ കേരള സർക്കാർ അംഗീകരിച്ചത് സ്വരാജ് എംഎൽഎ ആയിരിമ്പോഴാണ്.
6. അനേകം സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾ .
7. വർഷങ്ങളായി മണ്ഡലത്തിലെ വോട്ടർമാർ നൽകികൊണ്ടിരുന്ന ടോളുകൾ അവസാനിപ്പിച്ചു.
8. തൃപ്പൂണിത്തുറയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിച്ചത് സ്വരാജിന്റെ സമയത്താണ്.
ചുരുക്കം പറഞ്ഞാൽ മണ്ഡലത്തിലെ എല്ലാവരുടെയും കല്യാണത്തിനും മരണത്തിനും വന്നില്ലെങ്കിലും, മണ്ഡലത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ, ഒരു തരത്തിലുമുള്ള അഴിമതി ഇല്ലാതെ, സ്വരാജിന് കഴിഞ്ഞു എന്ന് നമുക്ക് കാണാൻ കഴിയും. യഥാർത്ഥത്തിൽ അതാണ് എംഎൽഎയുടെ ശരിയായ ജോലി.
പക്ഷെ വികസനം മാത്രം ഒരു രാഷ്ട്രീയ നേതാവിനെ നിലപാട് അളക്കാൻ കഴിയില്ല. ബാബരി മസ്ജിദിന്റെ വിധി വന്നപ്പോഴും, പലസ്തീൻ വിഷയത്തിലും, ഏറ്റവും അവസാനം കശ്മീർ ഭീകരാക്രമണ വിഷയത്തിലും അടിച്ചമർത്തപ്പെട്ടവരുടെ കൂടെ വളരെ വ്യക്തമായ നിലപാട് എടുത്തുട്ടുള്ള വ്യക്തിയാണ് സ്വരാജ്.
ഇത്രയും നല്ല ഒരാളെ തൃപ്പൂണിത്തുറക്കാർ എന്തുകൊണ്ട് തോൽപ്പിച്ച്, ഒരു അഴിമതിക്കാരനെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ, അതിന്റെ ആഴം അറിയണമെങ്കിൽ കണക്കുകൾ പരിശോധിച്ചാൽ മതി. ശബരിമല പ്രശ്നത്തിലും, ബാബരി മസ്ജിദ് വിധി സമയത്തും, സംഘപരിവാറിന്റെ ഏറ്റവും വലിയ നോട്ടപ്പുള്ളിയായിരുന്നു സ്വരാജ്.
സ്വരാജിനെ തോൽപ്പിക്കാൻ സംഘപരിവാർ എന്തും ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത്, തൃപ്പൂണിത്തുറയിൽ, അയ്യപ്പന്റെ ചിത്രങ്ങൾ വച്ചുളള ചില നോട്ടീസുകളും പോസ്റ്ററുകളും പ്രത്യക്ഷപെട്ടു. താൻ പരാജയപ്പെട്ടാൽ അത് അയ്യപ്പൻ പരാജയപ്പെടുന്നതിന് തുല്യമാണ് എന്ന് പറഞ്ഞുള്ള കെ ബാബുവിന്റെ പേരിലുള്ള വാചകങ്ങൾ അതിലുണ്ടായിരുന്നു. സ്വരാജ് കോടതിയിൽ പോയത് ഇത് ചോദ്യം ചെയ്താണ്. ഇങ്ങിനെ പോസ്റ്ററുകൾ ഇറങ്ങിയിട്ടുണ്ട്, പക്ഷെ അതിൽ നേരിട്ട് ബാബുവിന് പങ്കുണ്ട് എന്ന് പൂർണമായും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ് ആ കേസ് തള്ളിപ്പോയത്.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംഘപരിവാർ ആർക്ക് വോട്ട് ചെയ്തു എന്നത് കണക്കുകൾ നോക്കിയാൽ അറിയാം. സ്വരാജിന് രണ്ടായിരം വോട്ട് വർധിച്ചപ്പോൾ, കെ ബാബുവിന് എണ്ണായിരത്തോളം വോട്ടുകൾ വർധിച്ചു. ബിജെപിക്ക് ആറായിരം വോട്ടിന്റെ കുറവ് വന്നു. ഈ വോട്ടുകൾ എവിടെ പോയി എന്നത് പകൽ പോലെ വ്യക്തമാണ്. സ്വരാജ് ആയിരത്തിൽ താഴെ വോട്ടുകൾക്ക് തോറ്റു. ബിജെപി വോട്ടുകൾ, നേതൃത്വത്തിന്റെ അറിവോടെ യുഡിഫ് നു മറിച്ചു എന്ന് അന്ന് പരാതി പറഞ്ഞത് ബിജെപി സ്ഥാനാർഥി ആയിരുന്ന കെ എസ് രാധാകൃഷ്‍ണൻ തന്നെയാണ്.
മതേതര നിലപാടുകളുടെ പേരിലും, നിലമ്പൂരിലെ മുനിസിപ്പാലിറ്റി ചെയർമാൻ എന്ന നിലയിൽ നടപ്പിലാക്കിയ പദ്ധതികളുടെ പേരിലും ആര്യടാൻ ഷൗക്കത്ത് എനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. ചരിത്രപരമായ കാരണങ്ങളാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും എന്റെ പ്രിയപ്പെട്ട സംഘടനയാണ്. പക്ഷെ മറുഭാഗത്ത് സ്വരാജ് ആയതുകൊണ്ട്, പ്രിയപ്പെട്ട നിലമ്പൂരിലെ വോട്ടർമാരെ, തൃപ്പൂണിത്തുറയിൽ ഞങ്ങൾ ചെയ്ത തെറ്റ് മായ്ക്കാൻ നിങ്ങൾ സഹായിക്കുക.
സ്വരാജിനെ പോലെ ഒരാൾ നിയമസഭയിൽ ഉണ്ടാകേണ്ടത് , കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത തെളിയിക്കേണ്ടതിന്റെയും വർഗീയതയെ പരാജയപ്പെടുത്തേണ്ടതിന്റെയും ആവശ്യകത കൂടിയാണ്. ഒരു പക്ഷെ കല്യാണം കൂടാനോ മരണവീടുകളിലോ നിങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെന്ന് വരില്ല, പക്ഷെ മണ്ഡലത്തിന്റെ സർവോന്മുഖ വികസനത്തിന് അദ്ദേഹം അണിയറയിൽ കർമനിരതനായി എന്നുമുണ്ടാകും. മറിച്ച് സ്വരാജ് പരാജയപ്പെട്ടാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംഘപരിവാർ ആയിരിക്കും.
https://www.facebook.com/share/p/1HYYrafbhC/
















Discussion about this post