ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റിലായി. കാവാലം സ്വദേശികളായ ഹരി കൃഷ്ണന്‍, യദു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാര്‍ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മസ്തിഷ്‌ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്‌ക അണുബാധയായി മാറിയത്.
തലയ്ക്കുള്ളില്‍ അണുബാധയേറ്റാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ മുപ്പതുകാരനായ യുവാവ് ജൂണ്‍ 2 ന് രാത്രിയാണ് മരിച്ചത്. തലയ്ക്കുള്ളിലെ അണുബാധയാണ് സുരേഷ് കുമാറിന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
പരിശോധനയില്‍ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇത് അപകടത്തില്‍ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടര്‍മാരോടും പറഞ്ഞത്. എന്നാല്‍, പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് സുരേഷ് പറഞ്ഞതായി സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 22 നാണ് സുരേഷിന് മര്‍ദനമേറ്റതായി പറയുന്നത്. പിന്നാലെ സുരേഷിന്റെ അമ്മ നല്‍കിയ പരാതിയില്‍ പുളിങ്കുന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Discussion about this post