പത്തനംതിട്ട: കിണറ്റില്‍ വീണ വയോധിക മോട്ടോര്‍ പൈപ്പില്‍ പിടിച്ച് കിടന്നത് 4 മണിക്കൂറോളം. പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്പിലെ 87 വയസുള്ള ശാന്തയാണ് രാത്രിയില്‍ കിണറ്റില്‍ വീണത്. ഇവരുടെ തന്നെ വീട്ടിലെ ആള്‍മറ ഇല്ലാത്ത കിണറ്റിലാണ് 87കാരി വീണത്. കിണറ്റില്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടന്ന 87കാരിയെ ഒടുവില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ 87കാരി കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണര്‍ന്ന വീട്ടുകാര്‍ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് 87കാരിയെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറിനുള്ളില്‍ കണ്ടെത്തിയത്. അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്.
ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റില്‍ മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്. പുലര്‍ച്ചെ 4 മണിയോടെ ആണ് സംഭവം. അടൂര്‍ ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ള സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ എത്തിയ റെസ്‌ക്യൂ ടീം കിണറ്റില്‍ ഇറങ്ങി നെറ്റ് ഉപയോഗിച്ചാണ് വയോധികയെ പുറത്തു എടുത്തത്.
Discussion about this post