കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ചയാളെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 14,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എഎസ്‌ഐക്ക് സസ്പെന്‍ഷന്‍. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം സീരകത്തിനെയാണ് കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്പെന്‍ഡ് ചെയ്തത്.
വാഹനപരിശോധനയ്ക്കിടെ മെയ് 13-ന് രാത്രി 11.30-നാണ് കോട്ടയം അതിരുംപുഴ മാച്ചാത്തി വീട്ടില്‍ അഖില്‍ ജോണിനെ പയ്യാവൂര്‍ പഴയ പൊലീസ് സ്റ്റേഷന് മുന്‍വശത്തു നിന്ന് പൊലീസ് പിടികൂടിയത്. ബ്രെത്തലൈസര്‍ പരിശോധനയില്‍ അഖില്‍ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍നമ്പര്‍ വാങ്ങി വിട്ടയച്ചു.
അടുത്ത ദിവസം അഖിലിനെ ഫോണില്‍ വിളിച്ച് മറ്റൊരാളുടെ പേരില്‍ കേസെടുക്കാമെന്നും പകരക്കാരനും കോടതിച്ചെലവിനുമായി 14000 നല്‍കണമെന്നും ഇബ്രാഹിം ആവശ്യപ്പെടുകയും അഖില്‍ ഗൂഗിള്‍ പേ വഴി പണം നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നര്‍ക്കോട്ടിക് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ഡിഐജിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇബ്രാഹിം സീരകത്തിനെ കുടിയാന്മല സ്റ്റേഷനിലേക്ക് കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു. അതിനിടെയാണ് സസ്പെന്‍ഷന്‍.
Discussion about this post