ദോഹ: ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പാലക്കാട്, തൃശ്ശൂര്‍, തിരുവല്ല സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.
നാല് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്നാണ് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ പാലക്കാട് സ്വദേശികളായ അമ്മയും മകളും ഉള്‍പ്പെടുന്നു. പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ചത്.
അപകടത്തില്‍ ഇവരുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ചാണ് അപകടമുണ്ടായത്.
Discussion about this post