തിരുവനന്തപുരം: സംസ്ഥാനത്ത് 65 സ്‌കൂള്‍ അധ്യാപകർക്കെതിരെ പോക്സോ കേസുള്ളതായി
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ക്കെതിരായ പോക്‌സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ പുതുതായി തുടങ്ങുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടുവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്.
ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. സര്‍വ്വീസില്‍ നിന്നും 9 പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post