തിരുവനന്തപുരം: തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്‌നയുടെയും മകൾ ജ്യോതിലക്ഷ്മി ആണ് മരിച്ചത്.
15 വയസ്സായിരുന്നു. ശ്വാസതടസവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിൽ അണുബാധ ഉണ്ടായെന്ന് കണ്ടെത്തി.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ വീടിനു സമീപത്തെ തോട്ടിൽ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് ഇതിനെ കണ്ടത്തിയതെന്നും ഈ തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ വീട്ടിൽ എത്തിയിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
കുട്ടിയുടെ കാലിൽ മുറിവ് ഉണ്ടായിരുന്നു. വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗ കാരണമെന്നാണ് സംശയമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഞെക്കാട് ഗവ.എച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ജ്യോതിലക്ഷ്മി.
Discussion about this post