ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ കൊല്ലകടവിൽ ആണ് സംഭവം.
കൊല്ലകടവ് വല്യകിഴക്കേതിൽ രാജൻ പിള്ളയുടെയും രാധികയുടെയും മകൻ രാഹുൽ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
കൊല്ലകടവ് ആഞ്ഞിലിച്ചുവട് പി ഐ പി വലിയ കനാലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്രസയിൽ പോവുകയായിരുന്ന കുട്ടികളാണ് കനാലിൽ ബൈക്ക് കിടക്കുന്നത് ആദ്യം കണ്ടത്.
സമീപം പത്രങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇവർ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ, അപ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു.
പ്ലസ്ടുവിന് ശേഷം ജർമ്മൻ ഭാഷ പഠിച്ച രാഹുൽ ജോർദ്ദാനിലേക്ക് പോകാനിരിക്കുകയായിരുന്നു. രാധികയാണ് രാഹുലിന്റെ സഹോദരി.
Discussion about this post