ആലപ്പുഴ: ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ തസ്ലിമ സുല്‍ത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.
നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയതായാണ് മൊഴി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന എന്ന യുവതിയാണ് മൊഴി നല്‍കിയത്. ഇരു താരങ്ങളുമായി യുവതിയ്ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്സൈസിനു ലഭിച്ചു. സെക്സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയിലായ തസ്ലീമയ്ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.
ഇവര്‍ ഉള്‍പ്പടെ സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി. ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.
കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരി ക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ തസ്ലീമ സുല്‍ത്താനയെ എക്സൈസ് ആലപ്പുഴയില്‍ എത്തിച്ചത്. രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെത്തി.
Discussion about this post