തിരുവനന്തപുരം: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനെ വെറുതെവിട്ട വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് ചികിത്സിച്ച ഡോക്ടര്‍. മരിച്ച കാരോടു സ്വദേശി തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടറാണ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി.
പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജിയ്ക്ക് കത്ത് നല്‍കിയത്.
2016 ഡിസംബര്‍ 10-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ തങ്കപ്പനെ രാത്രി ഒരു മണിയോടെയാണ് ചികിത്സക്കായി പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തലയിലെ മുറിവ് തുന്നിക്കെട്ടി പ്രാഥമിക ചികിത്സ നല്കുന്നതിനിടയില്‍ രോഗി ഛര്‍ദ്ദിക്കുകയും അബോധാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു.
ഇതോടെ ഡോ. ലീന രോഗിയെ ഉടന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്തു. എന്നാല്‍ തങ്കപ്പനെ ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന് ഉച്ചയോടെ രോഗി സ്വന്തം വീട്ടില്‍ മരണപ്പെട്ടു.
തലയില്‍ മകന്‍ കമ്പിവെച്ച് അടിക്കുകയായിരുന്നു എന്ന തങ്കപ്പെന്റെ മൊഴി ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. തങ്കപ്പന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ഇയാളെ വെറുതേ വിടുകയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.