പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നിയില്‍ കുടുംബകലഹത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴയായി ചുമത്തിയ തുക മക്കള്‍ക്ക് വീതിച്ചുനല്‍കണം. തുക നല്‍കാത്ത പക്ഷം പ്രതിയുടെ സ്വത്തില്‍ നിന്നും അത് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.കേസിനാസ്പദമായ സംഭവം നടന്നത് 2014 ഡിസംബര്‍ 28-ന് രാത്രിയാണ്.
പന്ത്രണ്ടും പതിനാലും വയസ്സുള്ള മക്കളുടെ മുന്നില്‍വെച്ചായിരുന്നു റീനയെ മനോജ് കൊലപ്പെടുത്തിയത്. സംശയമായിരുന്നു കുടുംബകലഹത്തിനും കൊലപാതകത്തിനും കാരണം.
ഓട്ടോഡ്രൈവറായ മനോജും ആശാപ്രവര്‍ത്തകയായ റീനയും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവം നടന്ന ദിവസം റീനയ്ക്കുവന്ന ഫോണ്‍കോളിനെപ്പറ്റി വഴക്കുണ്ടായി.
അന്ന് കൊലപ്പെടുത്താൻ ശ്രമിക്കവേ റീനയും അമ്മയും ഭയന്നോടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തി. മനോജിനെ വിളിച്ചുവരുത്തി അവിടെ വെച്ച് പ്രശ്‌നം പറഞ്ഞുതീര്‍ത്ത് വീട്ടിലേക്കയച്ചു. രാത്രി ഒരുമണിയോടെ വീണ്ടും തര്‍ക്കമുണ്ടായി. ഇറങ്ങിയോടിയ റീനയെ മനോജ് ചുടുകട്ടയെടുത്തെറിഞ്ഞു. വീല്‍സ്പാനര്‍ കൊണ്ടടിക്കുകയും തല ഓട്ടോറിക്ഷയുടെ കമ്പിയിലും തറയിലും ഇടിക്കുകയുമായിരുന്നു എന്നാണ് കേസ്.
Discussion about this post