മാന്നാര്‍: ആലപ്പുഴ ജില്ലയില്‍ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. സംഭവത്തില്‍ മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി. മാന്നാര്‍ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റായി കുട്ടമ്പേരൂര്‍ മുട്ടേല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഉല്പാദന കേന്ദ്രമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദ്ദേശപ്രകാരം പൂട്ടിയത്.
കഴിഞ്ഞ 22 ന് ബുധനൂര്‍ പഞ്ചായത്തില്‍ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളില്‍ ഒന്നിലാണ് ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തിയത്. ഫുഡ് സേഫ്റ്റി ഓഫീസര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി.
പരിശോധനയില്‍ ഉല്പാദന കേന്ദ്രത്തിന്റെ ഭിത്തികളില്‍ കണ്ടെത്തിയ ദ്വാരങ്ങളും വിള്ളലുകളും അടച്ച് പല്ലികളും ചെറുപ്രാണികളും കടക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കുവാനും പേസ്റ്റ് കണ്ട്രോള് സിസ്റ്റം സ്ഥാപിക്കുവാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ചത്ത പല്ലികളെ കണ്ടെത്തിയ ബാച്ച് പായ്ക്കറ്റ് ഉല്പാദിപ്പിച്ച തീയതിയിലെ അമൃതം പൊടികള്‍ പിന്‍വലിച്ച് നശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post