പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കൊടുവാള്‍ വാങ്ങിയത് എലവഞ്ചേരിയില്‍ നിന്ന് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചെന്താമര രണ്ടാമത്തെ ആയുധം വാങ്ങിയ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി. കടയുമട ശ്രീധരന്‍ ചെന്താമരയെ തിരിച്ചറിഞ്ഞു. ഇന്നലെയും പോലീസ് കസ്റ്റഡിയിലിരിക്കെ മറ്റൊരാളെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നതായി ചെന്താമര വെളിപ്പെടുത്തിയിരുന്നു.
അതേസമയം, മകളെ ഒരുപാട് ഇഷ്ടമാണെന്നും അവള്‍ ജീവനാണെന്നും ചെന്താമര പോലീസിന് മൊഴി നല്‍കി. തന്റെ വീട് മകള്‍ക്ക് നല്‍കണമെന്നും ചെന്താമര പറഞ്ഞു. അയല്‍വാസിയായ പുഷ്പയാണ് തന്റെ കുടുംബം തകരാന്‍ പ്രധാന കാരണമെന്നും പുഷ്പ രക്ഷപ്പെട്ടെന്നും ചെന്താമര വെളിപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് തന്റെ മകള്‍ക്ക് വീട് നല്‍കാനുള്ള ആഗ്രഹം ഇന്ന് പോലീസിനോട് ചെന്താമര വെളിപ്പെടുത്തിയത്. ഇന്നത്തെ തെളിവെടുപ്പ് ഉച്ചവരെ തുടരും. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡിയില്‍ വെക്കാനുള്ള സമയപരിധി. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കും.