തിരുവനന്തപുരം: എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്താണ് സംഭവം.
വിടിഎം എൻഎസ്എസ് കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർത്ഥി അദ്വൈദിനാണ് മർദനമേറ്റത്.രണ്ട് ദിവസം മുമ്പാണ് സംഭവം. എബിവിപിയുടെ രക്തദാന ക്യാമ്പിൽ പങ്കെടുക്കാത്തതിനാൽ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് തന്നെ മർദിച്ചുവെന്ന് അദ്വൈദ് പറഞ്ഞു.
മൂന്ന് പേർ അവരുടെ അടുത്തേക്ക് വിളിച്ചുവെന്നും എബിവിപിയുടെ രക്തദാന ക്യാമ്പ് നടക്കുന്നുണ്ട്, രക്തം കൊടുക്കണമെന്ന് പറഞ്ഞുവെന്നും താൻ ഒന്നര മാസമേ അയിട്ടൊള്ളു രക്തം കൊടുത്തിട്ടെന്നും അദ്വൈദ് പറഞ്ഞു.
തനിക്ക് അതുകൊണ്ട് രക്തം കൊടുക്കാൻ കഴിയുമായിരുന്നില്ലെന്നും ഇക്കാര്യം പറഞ്ഞപ്പോൾ മൂന്ന് വിദ്യാർഥികൾ ചേർന്ന് ഒരു മുറിയിലേക്ക് കൊണ്ടുപോയി,അവിടെവെച്ച് മറ്റ് കുട്ടികളുടെ മുന്നിലിട്ട് തന്നെ തല്ലിയതെന്ന് അദ്വൈദ് പറഞ്ഞു.
നിനക്ക് തടിയൊക്കെ ഉള്ളതല്ലേ, നീ പോയി രക്തം കൊടുക്ക്, ചത്തൊന്നും പോവില്ലെന്ന് പറഞ്ഞ് അവർ നിർബന്ധിച്ചുവെന്നും അദ്വൈദിൻറെ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ അദ്വൈദിന് തലക്കും അടിവയറിലും ഗുരുതരമായി പരിക്കേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post